കൊപ്പം മുളയൻകാവ് ഭഗവതിക്ഷേത്രത്തിൽ വലിയ കാളവേല അതീവ ഭക്തിസാന്ദ്രവും വർണ്ണാഭവുമായി ആഘോഷിച്ചു. ഇണക്കാളകളും ദേശക്കാളകളും ഉൾപ്പെടെ നൂറിലധികം കാളക്കോലങ്ങൾ അണിനിരന്നതോടെ ക്ഷേത്രപരിസരം ഉത്സവലഹരിയിലായി. പുറമത്തറ ദേശത്തിന്റെ നേതൃത്വത്തിലായിരുന്നു ഇത്തവണത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
രാവിലെ എട്ടു മണിയോടെ കൊട്ടി അറിയിക്കലോടെ ചടങ്ങുകൾക്ക് തുടക്കമായി. വൈകുന്നേരം പെയ്ത മഴ ആഘോഷങ്ങൾക്ക് ചെറിയ തടസ്സം സൃഷ്ടിച്ചെങ്കിലും ഭക്തരുടെ ആവേശത്തിന് ഒട്ടും മങ്ങലേറ്റിരുന്നില്ല. അമ്മന്നൂർ രജനീഷ് ചാക്യാരുടെ ചാക്യാർകൂത്തും, മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവരുടെ ഇരട്ടത്തായമ്പകയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
രാത്രി പതിനൊന്നോടെ കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയുടെ അകമ്പടിയോടെ കാള പ്രദക്ഷിണം ആരംഭിച്ചു. അടിയന്തരക്കാർ, പാലക്കുറുശ്ശി നായർ, വെളിച്ചപ്പാടുമാർ, ദേവസ്വം പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ കാളയിറക്കം, പ്രദക്ഷിണം, കാളകയറ്റം, ദേശക്കാളകളുടെ കാളകളി എന്നിവ നടന്നു. തോൽപ്പാവക്കൂത്തും അരങ്ങേറി.
ചൊവ്വാഴ്ച നടക്കുന്ന വലിയപൂരത്തോടെ ആഘോഷങ്ങൾക്ക് സമാപനമാകും. താലം നിരത്തിയുള്ള തേരെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, ചുറ്റുമേളം, വെളിച്ചപ്പാടുമാരുടെ നൃത്തം, അരിയേറ് എന്നിവയും രാത്രിയിൽ ശ്രീരാമപട്ടാഭിഷേകം കൂത്തും നടക്കും.
Photo and News Source: Mathrubhumi








