തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോസഫ് വിജയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളുമായി നടന്‍ വിശാല്‍ രംഗത്തെത്തി. സിനിമാ മേഖലയില്‍ നിന്നൊരാള്‍ സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തതില്‍ വലിയ അഭിമാനമുണ്ടെന്ന് വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. തന്റെ പ്രിയപ്പെട്ട 'ദളപതി' ഭരണത്തലവനായി എത്തുമ്പോള്‍ അത് തമിഴ്നാടിന്റെ സുവര്‍ണ്ണ കാലഘട്ടമായി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

കഴിഞ്ഞ 32 വര്‍ഷമായി തനിക്ക് നേരിട്ട് അറിയാവുന്ന സുഹൃത്തിനെ 'സാര്‍' എന്ന് അഭിസംബോധന ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് വിശാല്‍ കുറിച്ചു. വെറുമൊരു ആശംസയില്‍ ഒതുക്കാതെ, ഒരു വോട്ടര്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട ചില സാമൂഹിക വിഷയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വസതിയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോകുമ്പോഴും മറ്റും വഴിനീളെ വെയിലത്ത് നില്‍ക്കേണ്ടി വരുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരുടെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

വനിതാ ഉദ്യോഗസ്ഥര്‍ക്കായി മൊബൈല്‍ ടോയ്ലറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിശാല്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ, കഴിഞ്ഞ 30 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, ശാസ്ത്രീയമായ രീതിയില്‍ മലിനജല ഓടകള്‍ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റുന്നത് വലിയൊരു മാറ്റത്തിന് തുടക്കമിടാന്‍ വിജയിയെ സഹായിക്കുമെന്ന് വിശാല്‍ കൂട്ടിച്ചേര്‍ത്തു.

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പലരും മുഖ്യമന്ത്രിക്ക് ആശംസകള്‍ നേരുന്നുണ്ടെങ്കിലും, കൃത്യമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിശാലിന്റെ കുറിപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ ആവശ്യമായ എല്ലാ കരുത്തും പോസിറ്റിവിറ്റിയും ദൈവം താങ്കള്‍ക്ക് നല്‍കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് വിശാല്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Photo and News Source: Malayali Life