പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിശാൽ ശ്രീവാസ്തവ, മായംഗ് മിശ്ര, രാജ് സിംഗ് എന്നിവരാണ് പിടിയിലായത്. ഇവർ വാടക കൊലയാളികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.

പ്രതികളിൽ വിശാൽ ബിഹാർ സ്വദേശിയും മറ്റു രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളുമാണ്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊൽക്കത്തയിലെ ഒരു ടോൾ ബൂത്തിൽ വെച്ച് ഇവർ യുപിഐ (UPI) വഴി പണമടച്ചത് കേസിൽ നിർണ്ണായക വഴിത്തിരിവായി. ഈ ഡിജിറ്റൽ ഇടപാട് വഴി പ്രതികളുടെ സഞ്ചാരപാത കൃത്യമായി മനസ്സിലാക്കാൻ പോലീസിന് സാധിച്ചു. മോഷ്ടിച്ച കാറിലും രണ്ട് ബൈക്കുകളിലുമായാണ് സംഘം എത്തിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലുള്ള വസതിക്ക് സമീപം വെച്ചാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന എസ് യു വി (SUV) തടഞ്ഞുനിർത്തിയ അക്രമികൾ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.

Photo and News Source: Siraj Live