തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആഘോഷമാക്കിയ താരജോഡികളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. വിവാഹശേഷം വിജയ് ദേവരക്കൊണ്ടയുടെ ആദ്യ ജന്മദിനം എത്തിയപ്പോൾ, ആ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് രശ്മിക. മനോഹരമായ ഒരു കുറിപ്പിലൂടെയാണ് താരം തങ്ങളുടെ ജന്മദിന ആഘോഷങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.
വിവാഹശേഷമുള്ള ആദ്യ ജന്മദിനം വളരെ സന്തോഷത്തോടെയാണ് ഇരുവരും ചെലവഴിച്ചത്. 'ഇന്ന് എന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനമാണ്. ഞങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരുന്നു എന്ന് നോക്കാം. പക്ഷേ എല്ലാം റിവേഴ്സ് ഓഡറിൽ പറയണം' എന്ന് തുടങ്ങുന്ന കുറിപ്പിൽ, അപ്രതീക്ഷിതമായി ലഭിച്ച അവധി ദിവസത്തിന്റെ സന്തോഷവും രശ്മിക പങ്കുവെച്ചു.
തന്റെ പ്രിയതമന്റെ ജന്മദിനത്തിൽ ആരാധകരെ കണ്ടതും, ജിമ്മിൽ ഒരുമിച്ച് വർക്കൗട്ട് ചെയ്തതും, കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചതും രശ്മിക വിവരിക്കുന്നു. വിജയ് ഒരു മീറ്റിങ്ങിനായി പോയ സമയത്ത് താൻ കാർഡിയോ വ്യായാമങ്ങളിൽ ഏർപ്പെട്ട കാര്യവും താരം വ്യക്തമാക്കി. കൂടാതെ, വീട്ടിലെത്തിയ ആരാധകരിൽ നിന്ന് ലഭിച്ച സ്നേഹത്തെക്കുറിച്ചും രശ്മിക വാചാലയായി.
ചില സമയങ്ങളിൽ ഷൂട്ടിങ് ഷെഡ്യൂളുകൾ അപ്രതീക്ഷിതമായി റദ്ദാക്കപ്പെടുന്നത് തനിക്ക് വലിയ സന്തോഷമാണെന്ന് രശ്മിക പറയുന്നു. ഇത്തരം ഇടവേളകൾ തങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ അവസരം നൽകാറുണ്ട്. അതിരാവിലെ കുടുംബാംഗങ്ങൾക്കൊപ്പം ഗുഡ് മോർണിംഗ് പറഞ്ഞാണ് തങ്ങളുടെ ജന്മദിന ആഘോഷങ്ങൾ ആരംഭിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
Photo and News Source: Malayali Life










