തമിഴ്‌നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ, പ്രധാന പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടിയിൽ തുടങ്ങിയ ഭിന്നതകൾ, നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ രൂക്ഷമായതോടെ പാർട്ടി ഔദ്യോഗികമായി രണ്ടായി പിളർന്നു.
എസ് പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി 30 എംഎൽഎമാർ പിന്തുണച്ച് രംഗത്തെത്തി. അതേസമയം, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ (ഇപിഎസ്) പിന്തുണയ്ക്കുന്ന 17 എംഎൽഎമാർ അദ്ദേഹമാണ് യഥാർത്ഥ നേതാവെന്ന് അവകാശപ്പെടുന്നു. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി സ്പീക്കർക്ക് കത്തുകൾ നൽകിയിട്ടുണ്ട്. സ്പീക്കറുടെ തീരുമാനം ഈ വിഷയത്തിൽ നിർണ്ണായകമാകും.
പാർട്ടിയിലെ ആധിപത്യം നിലനിർത്താൻ ഇപിഎസ് പക്ഷം തീവ്രശ്രമത്തിലാണ്. അനുരഞ്ജനത്തിന്റെ ഭാഗമായി സി വി ഷണ്മുഖത്തെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കാനും, മുൻപ് ഉണ്ടായിരുന്ന കോ-ഓർഡിനേറ്റർ, ജോയിന്റ് കോ-ഓർഡിനേറ്റർ പദവികൾ പുനഃസ്ഥാപിച്ച് വിമതരെ ഒപ്പം നിർത്താനും നീക്കങ്ങൾ നടക്കുന്നുണ്ട്. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഇരുപക്ഷവും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള കരുനീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
Photo and News Source: Newsthen










