പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് (AAP) വീണ്ടും രാഷ്ട്രീയ തിരിച്ചടി. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ അടുത്ത ബന്ധുവും പാർട്ടി നയങ്ങളുടെ കടുത്ത വിമർശകനുമായ ഗ്യാൻ സിങ് മൻ ബിജെപിയിൽ ചേർന്നു. ഭഗവന്ത് മന്നിന്റെ പിതൃസഹോദരന്റെ മകനാണ് ഗ്യാൻ സിങ് മൻ. ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി, പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ഝാക്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

ഗ്യാൻ സിങ് മന്നിനൊപ്പം മറ്റ് പ്രമുഖരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ബർണാലയിലെ പ്രമുഖ വ്യവസായിയും എൻആർഐയുമായ ബൽജിന്ദർ സിങ് ബർണാല, ജലാദാബാദ് എംഎൽഎ ഗോൾഡി കാംബോജിന്റെ മുൻ പിഎ മൻജിന്ദർ സിങ് സാജൻ ഖേര എന്നിവരാണ് ബിജെപിയിൽ ചേർന്ന മറ്റുള്ളവർ. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടക്കുന്ന ഈ കൂറുമാറ്റം എഎപിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

എഎപി സർക്കാരിന്റെ പ്രവർത്തനങ്ങളെയും പാർട്ടി നയങ്ങളെയും നിരന്തരം ചോദ്യം ചെയ്തിരുന്ന വ്യക്തിയാണ് ഗ്യാൻ സിങ് മൻ. നേരത്തെ, രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ പഞ്ചാബിൽ നിന്നുള്ള ഏഴ് രാജ്യസഭാ എംപിമാർ എഎപി വിട്ട് ബിജെപിയിൽ ചേർന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തുടർച്ചയായുള്ള ഇത്തരം കൊഴിഞ്ഞുപോക്കുകൾ പഞ്ചാബിലെ എഎപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Photo and News Source: Mathrubhumi