കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ കേരളത്തിലെ മുതിർന്ന നേതാക്കളായ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുമായി ഡൽഹിയിൽ നിർണായക ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, സോണിയ ഗാന്ധിയുമായി കൂടി ആലോചിച്ച ശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് സൂചന.

ഇന്നലെ നടന്ന ചർച്ചകളിൽ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല. ഇന്ന് ഖർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുൻപ് മുന്നണിയിലെ ഘടകകക്ഷികളുമായി വിശദമായ ചർച്ചകൾ നടത്തണമെന്ന ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും പൂർണ്ണമായി അംഗീകരിക്കുമെന്ന് കേരളത്തിലെ നേതാക്കൾ ഉറപ്പുനൽകിയതായാണ് റിപ്പോർട്ടുകൾ.

അതേസമയം, മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് എത്തരുതെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നേതാക്കൾക്കായി അണികൾ നടത്തുന്ന പരസ്യ പ്രചാരണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത്തരം നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ പ്രവർത്തകരോട് ആവശ്യപ്പെട്ടു.

ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം കേരളത്തിലേക്ക് മടങ്ങിയ നേതാക്കൾ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് മുതിർന്നില്ല. കേരളത്തിലെ മുതിർന്ന നേതാക്കൾ ചർച്ചകളിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. ഘടകകക്ഷികളുമായും മുതിർന്ന നേതാക്കളുമായും ദേശീയ നേതൃത്വം ആശയവിനിമയം തുടരുകയാണ്. അന്തിമ പ്രഖ്യാപനത്തിനായി കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Photo and News Source: Suprabhaatham