കാസർകോട് ചെറുവത്തൂർ മട്ടലായി ദേശീയപാതയിൽ അപകടകരമായ രീതിയിൽ വിള്ളൽ കണ്ടെത്തി. മട്ടലായി ശിവക്ഷേത്രത്തിന് സമീപത്തായി ഏകദേശം 50 മീറ്റർ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. റോഡ് താഴ്ന്ന നിലയിലായതോടെ പ്രദേശവാസികളും യാത്രക്കാരും ആശങ്കയിലാണ്.

കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയെത്തുടർന്ന് റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയതാണ് വിള്ളൽ രൂപപ്പെടാൻ കാരണമായതെന്ന് പ്രാഥമിക നിഗമനം. ദേശീയപാതയുടെ നിർമ്മാണ ചുമതല വഹിക്കുന്നത് മേഘ കൺസ്ട്രക്ഷൻസാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിള്ളൽ അടയ്ക്കാനുള്ള അടിയന്തര നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. റോഡിന്റെ ബലക്ഷയം പരിഹരിക്കാൻ ആവശ്യമായ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.

Photo and News Source: Kairali News