തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് അധികാരമേറ്റു. ചെന്നൈയിൽ നടന്ന വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. സി ജോസഫ് വിജയ് എന്ന പേരിൽ ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ് സത്യപ്രതിജ്ഞ ചെയ്തത്. പേപ്പറിൽ നോക്കാതെ ആവേശത്തോടെ നടത്തിയ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി.
സർക്കാർ രൂപീകരണത്തിൽ പിന്തുണ നൽകിയ സഖ്യകക്ഷികൾക്ക് വിജയ് നന്ദി അറിയിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയെ തന്റെ സഹോദരൻ എന്നാണ് വിജയ് വിശേഷിപ്പിച്ചത്. സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞും അദ്ദേഹം നന്ദി അറിയിച്ചു.
120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ അധികാരത്തിൽ ഏറിയത്. വിജയ്ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ പുറത്തിറക്കിയ മന്ത്രിസഭാ പട്ടികയിൽ കോൺഗ്രസ് അംഗങ്ങളില്ല. വിശ്വാസവോട്ടെടുപ്പിന് ശേഷമായിരിക്കും കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുക. മന്ത്രിസഭയിലെ ശ്രദ്ധേയമായ സാന്നിധ്യം 29 വയസ്സുള്ള സെൽവി എസ് കീർത്തനയാണ്. ശിവകാശിയിൽ നിന്നുള്ള എംഎൽഎയായ കീർത്തനയാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി.
സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു. വിജയ്‍യുടെ കുടുംബാംഗങ്ങളും സിനിമാ താരങ്ങളും ടിവികെ പ്രവർത്തകരും ഉൾപ്പെടെ വലിയൊരു നിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. തമിഴ് രാഷ്ട്രീയത്തിലെ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
Photo and News Source: Asianet News










