ഗസ്സയിലെ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്റാഈലി ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും എതിരെ ലോകമെമ്പാടും ശക്തമായ ബഹിഷ്‌കരണം തുടരുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഇസ്റാഈലി ടെക് കമ്പനികൾ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ച് വേഷം മാറുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. തങ്ങൾ അമേരിക്കൻ കമ്പനിയാണെന്ന് വരുത്തിത്തീർത്ത് വിപണിയിൽ പിടിച്ചുനിൽക്കാനാണ് ഇത്തരം സ്ഥാപനങ്ങളുടെ ശ്രമം.
പ്രമുഖ ഇസ്റാഈലി ധനസമാഹരണ പ്ലാറ്റ്‌ഫോമായ 'ഇസ്റാഈൽ ഗൈവ്‌സ്' (IsraelGives), 'ഗിവിങ് ടെക്' (GivingTech) എന്ന പേരിൽ റീബ്രാൻഡിംഗ് നടത്തിയത് ഇതിനൊരു ഉദാഹരണമാണ്. ഒരു അമേരിക്കൻ ഫിൻടെക് സ്ഥാപനമെന്ന വ്യാജേനയാണ് ഇവർ ഇപ്പോൾ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കുന്നത്. 'ടെക് ഫോർ ഫലസ്തീൻ' സ്ഥാപകനായ പോൾ ബിഗ്ഗർ എക്‌സിലൂടെ പുറത്തുവിട്ട ഡിജിറ്റൽ തെളിവുകൾ ഈ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
രണ്ട് കമ്പനികളുടെയും സി.ഇ.ഒ ഒരാൾ തന്നെയാണെന്നും, ഒരേ ലോഗോയും ഫാവിക്കോണുമാണ് ഉപയോഗിക്കുന്നതെന്നും ബിഗ്ഗർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഗൂഗിൾ അനലിറ്റിക്‌സ്, മൈക്രോസോഫ്റ്റ് ക്ലാരിറ്റി ട്രാക്കിങ് ഐഡന്റിഫയറുകൾ എന്നിവ രണ്ട് വെബ്‌സൈറ്റുകളിലും സമാനമാണ്. ക്രിപ്‌റ്റോഗ്രാഫിക് ഹാഷ് പരിശോധനയിൽ വെബ്‌സൈറ്റുകളുടെ സ്റ്റൈൽഷീറ്റുകൾ പോലും ഒന്നാണെന്ന് തെളിഞ്ഞു. ഇസ്റാഈലിലെ ടെൽ അവീവ് ആണ് ഈ കമ്പനികളുടെ ആസ്ഥാനമെന്നും ലിങ്ക്ഡ് ഇൻ പ്രൊഫൈലുകൾ വ്യക്തമാക്കുന്നു.
ഈ പ്ലാറ്റ്‌ഫോമുകൾ വഴി ശേഖരിക്കുന്ന പണം വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങൾക്കും തീവ്ര സ്വഭാവമുള്ള അർദ്ധസൈനിക ഗ്രൂപ്പുകൾക്കും ഇസ്റാഈലി സൈനിക യൂണിറ്റുകൾക്കും നൽകുന്നുണ്ടെന്നതാണ് ഏറ്റവും ഗൗരവകരമായ വിഷയം. ഗിവിങ് ടെക്കിന്റെ വെബ്‌സൈറ്റിൽ ഇസ്റാഈലുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോധപൂർവം മറച്ചുവെച്ചിരിക്കുകയാണ്. ഗൂഗിൾ ജീവനക്കാർ ഉൾപ്പെടെയുള്ളവർ തങ്ങൾ നൽകുന്ന പണം ഇസ്റാഈലിന്റെ സൈനിക നീക്കങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് അറിയാതെയാണ് ഈ പ്ലാറ്റ്‌ഫോമുകൾക്ക് സംഭാവന നൽകുന്നത്.
ആഗോള ബഹിഷ്‌കരണം ഇസ്റാഈലി ടെക് മേഖലയെ എത്രത്തോളം ആഴത്തിൽ ബാധിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് ഇത്തരം തന്ത്രങ്ങളെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഇസ്റാഈലി കമ്പനികളുടെ ഇത്തരം 'രൂപമാറ്റങ്ങൾ' പുറത്തുവരുമെന്നാണ് സൂചന.
Photo and News Source: Suprabhaatham










