ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന തമിഴക വെട്രി കഴകം (TVK) നേതാവ് വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തമിഴ്നാട് രാഷ്ട്രീയത്തിലെ ചരിത്ര നിമിഷമായി മാറി. ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖ തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ എത്തിയത് വലിയ ശ്രദ്ധ നേടി. ചെന്നൈയിലെ വസതിയിൽ നിന്ന് പുറപ്പെടുമ്പോൾ, ചടങ്ങിനെക്കുറിച്ച് താൻ ഏറെ ആകാംക്ഷയിലാണെന്ന് താരം മാധ്യമങ്ങളോട് പ്രതികരിച്ചു.

നീല സിൽക്ക് സാരിയിൽ അതീവ സുന്ദരിയായാണ് തൃഷ ചടങ്ങിലെത്തിയത്. അമ്മ ഉമാ കൃഷ്ണനും താരത്തിനൊപ്പമുണ്ടായിരുന്നു. വിജയുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തോടുള്ള പിന്തുണയും നേരത്തെ തന്നെ ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തൃഷ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചതും, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളും വിജയിക്കുള്ള പിന്തുണയായാണ് ആരാധകർ വിലയിരുത്തിയത്.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത് തമിഴ് രാഷ്ട്രീയത്തിലെ വലിയ അട്ടിമറിയാണ്. ദശാബ്ദങ്ങളായി ഭരണം കൈയ്യാളുന്ന ഡിഎംകെ, എഐഎഡിഎംകെ കക്ഷികളെ പിന്തള്ളിയാണ് വിജയ് ഈ നേട്ടം കൈവരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്നു.

ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വിജയ്, സ്റ്റേഡിയത്തിലെത്തിയപ്പോൾ വലിയ ജനക്കൂട്ടമാണ് അദ്ദേഹത്തെ വരവേറ്റത്. തന്റെ മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്ന് വിജയുടെ അമ്മ ശോഭ പ്രതികരിച്ചു. തമിഴ്നാടിന്റെ പുതിയ രാഷ്ട്രീയ അധ്യായത്തിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്.

Photo and News Source: Janmabhumi