ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള മാരകമായ രാസലഹരി മരുന്നുകൾ കടത്തുന്ന സംഘത്തിലെ പ്രധാനികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി മുഹമ്മദ് സിജാഹ് എന്നിവരാണ് പിടിയിലായത്. റേഡിയോളജി പഠനത്തിനായി ബെംഗളൂരുവിലെത്തിയ അദ്വൈത, അവിടെ വെച്ചാണ് മുഹമ്മദ് സിജാഹുമായി പരിചയപ്പെടുകയും ലഹരി ഇടപാടുകളിലേക്ക് തിരിയുകയും ചെയ്തത്.

ഇരുവരും കമിതാക്കളാണെന്നും ബെംഗളൂരുവിൽ വ്യാജ മേൽവിലാസത്തിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച് ലഹരി കച്ചവടം നടത്തി വരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വർഷങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഇവർ വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്നു. പിടിയിലായ മുഹമ്മദ് സിജാഹ് നേരത്തെയും നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്. അമരവിളയിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്, കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിലെ എക്സൈസ് കേസുകൾ എന്നിവയിൽ ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ ശാസ്താംകോട്ടയിൽ നിന്ന് എംഡിഎംഎയുമായി ഒരു യുവതിയെ പിടികൂടിയതാണ് കേസിന്റെ തുടക്കം. ഈ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിലേക്ക് എത്തിയത്. തുടർന്ന് കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേരെയും ഒരു കർണാടക സ്വദേശിയെയും പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അദ്വൈതയുടെയും സിജാഹിന്റെയും ലഹരി ശൃംഖലയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

Photo and News Source: Media Mangalam