കാനഡയിലെ അബോട്ട്‌സ്‌ഫോർഡിൽ വയോധിക ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരാണെന്ന് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി കണ്ടെത്തി. ഗുർക്കരൻ സിംഗ്, അഭിജീത്ത് സിംഗ്, ഖുശ്‍വീർ തൂർ എന്നിവരാണ് കേസിലെ പ്രതികൾ. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് കോടതി നിരീക്ഷിച്ചു.

2022 മേയ് മാസത്തിലാണ് അർനോൾഡ് ഡി ജോങ് (77), ഭാര്യ ജോവന്നെ ഡി ജോങ് (76) എന്നിവരെ അബോട്ട്‌സ്‌ഫോർഡിലെ അവരുടെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അർനോൾഡിനെ ശ്വാസം മുട്ടിച്ചും ജോവന്നയെ കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു. പ്രതികൾ ഇരുവരും കൊല്ലപ്പെട്ടവരുടെ വീട്ടിൽ ക്ലീനിങ് ജോലികൾക്കായി എത്തിയിരുന്നവരാണ്.

അന്വേഷണത്തിൽ പ്രതികൾ വീട്ടിൽ നിന്ന് ക്രെഡിറ്റ് കാർഡുകളും ചെക്കുകളും കവർന്നതായി കണ്ടെത്തി. ഡിഎൻഎ തെളിവുകളും, കൊലപാതകത്തിന് ശേഷം ശിക്ഷാ നടപടികളെക്കുറിച്ച് പ്രതികൾ ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും കേസിൽ നിർണ്ണായകമായി. ഈ തെളിവുകൾ പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ കോടതിയെ സഹായിച്ചു. മെയ് 28-ന് പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി പ്രഖ്യാപിക്കും.

Photo and News Source: Kerala Kaumudi Latest