കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടി. ലൈറ്റുകൾ അണച്ച് ആരും കാണാത്ത രീതിയിൽ ഒളിപ്പിച്ചിരുന്ന വാഹനത്തിൽ നിന്ന് 85 കുപ്പി വിദേശമദ്യമാണ് പൊലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തു.

പട്രോളിംഗിനിടെ ഹവല്ലിയിൽ ലൈറ്റുകൾ അണച്ച് പാർക്ക് ചെയ്തിരുന്ന വാഹനം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തേക്ക് എത്തിയപ്പോൾ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ അതിന് തയ്യാറായില്ല. തുടർന്ന് പൊലീസ് സംഘം പിന്തുടർന്ന് വാഹനം തടയുകയായിരുന്നു.

വാഹനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 85 കുപ്പി വിദേശമദ്യവും വിൽപ്പനയിലൂടെ ലഭിച്ച 4,710 കുവൈത്ത് ദിനാറും കണ്ടെത്തിയത്. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ നേരത്തെ മറ്റൊരു കേസിൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.

പിടികൂടിയ പ്രതികളെയും കണ്ടെടുത്ത മദ്യവും പണവും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കുവൈത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Photo and News Source: Media Mangalam