കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വികാരാധീനനായി കോവൂർ കുഞ്ഞുമോൻ. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കുഞ്ഞുമോൻ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനോടാണ് പരാജയപ്പെട്ടത്. ജനങ്ങൾക്കൊപ്പം എന്നും നിലകൊണ്ടിട്ടുണ്ടെന്നും, ഈ തോൽവിയിൽ തളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ എവിടെയാണോ തുടങ്ങിയത് അവിടെത്തന്നെ തുടരുമെന്ന് നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു.

തന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. "ആഗ്രഹിച്ച് വാങ്ങിയ കാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താൻ വിറ്റു. പിണറായി വിജയൻ ഒരു കറുത്ത കാർ വാങ്ങിയപ്പോഴാണ് തനിക്കും അത്തരമൊരു ആഗ്രഹം തോന്നിയത്. ചിട്ടികളിലൂടെയാണ് ആ കാർ വാങ്ങിയത്," അദ്ദേഹം പറഞ്ഞു. കുന്നത്തൂർ മണ്ഡലത്തിൽ വോട്ട് ചോർച്ചയുണ്ടായെന്നും, പരാജയത്തിന്റെ കാരണം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

25,314 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുന്നത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ വിജയിച്ചത്. ഉല്ലാസ് കോവൂരിന് 81,488 വോട്ടുകൾ ലഭിച്ചപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിയായ കോവൂർ കുഞ്ഞുമോന് 56,174 വോട്ടുകൾ മാത്രമാണ് നേടാനായത്. എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദിന് 24,841 വോട്ടുകൾ ലഭിച്ചു. കൊല്ലം ജില്ലയിലെ ഏക എസ്‌സി സംവരണ മണ്ഡലമാണ് കുന്നത്തൂർ.

2001 മുതൽ 2021 വരെ തുടർച്ചയായി വിജയിച്ച കുഞ്ഞുമോൻ, ഇത്തവണയും വികസന പ്രവർത്തനങ്ങളും സഹകരണ മേഖലയിലെ സ്വാധീനവും തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, മണ്ഡലത്തിലെ വോട്ടർമാരുടെ നിലപാട് അദ്ദേഹത്തിന് കനത്ത തിരിച്ചടിയായി മാറി. കുന്നത്തൂരിലെ രാഷ്ട്രീയ സാഹചര്യം മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Photo and News Source: Media Mangalam