കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രശസ്ത കവി കെ. സച്ചിദാനന്ദൻ രാജിവെച്ചു. ഈ മാസം 31-ന് ഔദ്യോഗിക കാലാവധി അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി അദ്ദേഹം പടിയിറങ്ങുന്നത്. തൃശൂരിലെ അക്കാദമി ആസ്ഥാനത്തെത്തി നേരിട്ടാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
2022 മാർച്ചിലാണ് കെ. സച്ചിദാനന്ദൻ അക്കാദമിയുടെ അധ്യക്ഷനായി ചുമതലയേറ്റത്. തന്റെ ഭരണകാലയളവിൽ പല വിഷയങ്ങളിലും പിണറായി സർക്കാരിനെതിരെ വിമർശനാത്മകമായ നിലപാടുകൾ സ്വീകരിക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല. തുടർച്ചയായ ഭരണത്തേക്കാൾ മാറിമാറിയുള്ള ഭരണമാണ് ജനാധിപത്യത്തിന് നല്ലതെന്നും, അധികാരം പാർട്ടികളെ നശിപ്പിക്കുമെന്നും അദ്ദേഹം നടത്തിയ പ്രസ്താവനകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തെ വിവിധ അക്കാദമികളുടെ തലപ്പത്ത് വലിയ മാറ്റങ്ങൾ വരാനിരിക്കുകയാണ്. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയവയുടെ ചെയർമാൻമാരും വൈസ് ചെയർമാൻമാരും ഉൾപ്പെടെയുള്ള ഭാരവാഹികൾ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുകയാണ്. സച്ചിദാനന്ദന്റെ രാജി ഈ മാറ്റങ്ങളുടെ തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്.
തന്റെ ഭരണകാലയളവിൽ അക്കാദമിക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രതിഫല വിവാദവും, ശ്രീകുമാരൻ തമ്പിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അക്കാദമിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തരം സംഭവങ്ങളിൽ ജീവനക്കാർക്ക് പറ്റിയ തെറ്റുകൾക്ക് താൻ ഉത്തരവാദിയാണെന്നും, ആ കുരിശ് താൻ ഏറ്റെടുക്കുന്നുവെന്നും സച്ചിദാനന്ദൻ നേരത്തെ പ്രതികരിച്ചിരുന്നു.
Photo and News Source: Media Mangalam










