കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സുധീർ രംഗത്ത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

ജനങ്ങളുടെ വികാരം മാനിക്കണമെന്നും അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കണമെന്നും സുധീർ നേതാക്കളെ ഓർമ്മിപ്പിച്ചു. "എന്റെ പൊന്ന് കോൺഗ്രസ് നേതാക്കന്മാരെ, നിങ്ങളൊരു തീരുമാനമെടുക്ക്. മനുഷ്യന് ടിവി കാണാനും ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയാണ്. നിങ്ങളോടുള്ള പ്രേമം കൊണ്ടല്ല ജനങ്ങൾ വോട്ട് ചെയ്തത്, ഭരണമാറ്റം ആഗ്രഹിച്ചാണ്. അത് നിങ്ങളുടെ വലിയ നേട്ടമായി കാണരുത്," അദ്ദേഹം പറഞ്ഞു.

പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗം ഒരാളെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ആ മനുഷ്യൻ കുറെ കഷ്ടപ്പെട്ടതല്ലേ, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണം. നിങ്ങളിലുള്ള അഡ്ജസ്റ്റ്‌മെന്റുകൾ എന്തുവേണമെങ്കിലും ചെയ്തോ, പക്ഷേ ജനങ്ങളെ വെറുപ്പിക്കരുത്. ഇന്ത്യയുടെ ഭൂപടത്തിൽ ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമുള്ള കോൺഗ്രസ് ഇതും കൂടി കളയരുത്," സുധീർ മുന്നറിയിപ്പ് നൽകി.

കെ.സി. വേണുഗോപാലിനോട് കേരളത്തിലേക്ക് വരാതെ ഡൽഹിയിൽ ഇരുന്ന് കാര്യങ്ങൾ നോക്കാനാണ് സുധീർ നിർദ്ദേശിച്ചത്. "നിങ്ങൾ കേരളത്തിലേക്ക് വന്നാൽ ഡൽഹിയിലെ കാര്യങ്ങൾ ആര് നോക്കും? അവിടെ അടുപ്പിൽ പൂച്ച പെറ്റുകിടക്കും. ഡൽഹിയിൽ ഇരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. തലപ്പത്തിരിക്കുന്ന നേതാവിനെ കണ്ട് പ്ലാൻ ചെയ്യരുത്, എല്ലാം ചീറ്റിപ്പോകും," എന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർത്തു.

Photo and News Source: Samakalika Malayalam