തമിഴ്നാട് മുഖ്യമന്ത്രിയായി നടൻ വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. വിജയിയോടൊപ്പം പത്ത് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിലെ നീണ്ട അനിശ്ചിതത്വങ്ങൾക്കാണ് വിരാമമാകുന്നത്.
വിസികെ (VCK) തങ്ങളുടെ നിരുപാധിക പിന്തുണ അറിയിച്ചുകൊണ്ട് കത്ത് കൈമാറിയതോടെയാണ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ (TVK) കേവലഭൂരിപക്ഷം ഉറപ്പിച്ചത്. നിലവിൽ 118 എംഎൽഎമാരുടെ പിന്തുണ വിജയിക്കുണ്ട്. ഭൂരിപക്ഷം തെളിയിച്ചതിനെ തുടർന്ന് വിജയ് ഇന്ന് ഗവർണറെ നേരിൽ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
നേരത്തെ, കേവലഭൂരിപക്ഷം ഉറപ്പാക്കാതെ സർക്കാർ രൂപീകരണത്തിന് അനുമതി നൽകാനാവില്ലെന്ന ഗവർണറുടെ കർശന നിലപാട് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തടസ്സമായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ടിവികെയെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഭൂരിപക്ഷം തെളിയിച്ചതോടെ എല്ലാ തടസ്സങ്ങളും നീങ്ങിയിരിക്കുകയാണ്.
Photo and News Source: Kairali News










