പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് അറുതിയാകുന്നതായി റിപ്പോർട്ടുകൾ. മമതാ ബാനർജിയുടെ പിൻഗാമിയായി സുവേന്ദു അധികാരി മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നതിനാണ് സാധ്യതയേറെയും. അഗ്നിമിത്ര പോൾ, ദിലീപ് ഘോഷ് തുടങ്ങിയ പേരുകൾ പരിഗണനയിലുണ്ടായിരുന്നെങ്കിലും സുവേന്ദു അധികാരിയുടെ പേരിനാണ് മുൻഗണന ലഭിക്കുന്നത്.

സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. ഇതിൽ ഒരാൾ വനിതയായിരിക്കും. അസൻസോൾ ദക്ഷിണിൽ നിന്നുള്ള അഗ്നിമിത്ര പോളിനാണ് ഇതിൽ മുൻതൂക്കം. രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായി ഉത്തര ബംഗാളിൽ നിന്നുള്ള ശങ്കർ ഘോഷ് അല്ലെങ്കിൽ നിസിത് പ്രമാണിക് എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാളിൽ ഉപമുഖ്യമന്ത്രി പദവി ഉണ്ടായിരുന്നില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിൽ വെച്ച് അഗ്നിമിത്ര പോൾ, ശങ്കർ ഘോഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച ചർച്ചകളാണ് നടന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ബി.ജെ.പി എം.എൽ.എമാരുടെ യോഗം ഇന്ന് വൈകുന്നേരം ചേരും. സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ സുവേന്ദു അധികാരിയുടെ പേര് നിർദ്ദേശിക്കുമെന്നാണ് കരുതപ്പെടുന്നത്.

നാളെ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ചാണ് പശ്ചിമ ബംഗാളിലെ ആദ്യ ബി.ജെ.പി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുതിർന്ന ബി.ജെ.പി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉടൻ പുറത്തുവരും.

Photo and News Source: Suprabhaatham