ഇന്തോനേഷ്യയിലെ നോർത്ത് മലുക്കു ദ്വീപിലുള്ള ഡുകോണോ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പർവ്വതാരോഹണത്തിനിടെയുണ്ടായ അപ്രതീക്ഷിത സ്‌ഫോടനത്തിൽ വിദേശികളടക്കം നിരവധി സഞ്ചാരികൾ കുടുങ്ങുകയും പിന്നീട് സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു. പ്രാദേശിക സമയം രാവിലെ 7:41-ഓടെയായിരുന്നു സംഭവം. നിമിഷങ്ങൾക്കുള്ളിൽ പുകയും ചാരവും ആകാശത്തേക്ക് 10 കിലോമീറ്ററോളം ഉയരത്തിൽ വ്യാപിച്ചു.
ഗർത്തത്തിൽ നിന്ന് കല്ലുകളും അഗ്നിപർവ്വത അവശിഷ്ടങ്ങളും തുടർച്ചയായി തെറിച്ചുവീണത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് സിംഗപ്പൂർ സ്വദേശികളും ഒരു ഇന്തോനേഷ്യൻ പൗരനും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാർച്ചിന് ശേഷം ഇരുന്നൂറിലധികം തവണ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിട്ടുള്ളതിനാൽ, പ്രദേശത്ത് പ്രവേശിക്കരുതെന്ന് അധികൃതർ നേരത്തെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ വിലക്ക് ലംഘിച്ച് മല കയറിയ 20 പർവ്വതാരോഹകരാണ് അപകടത്തിൽപ്പെട്ടത്. ഗർത്തത്തിന് സമീപം ഡ്രോൺ വീഡിയോ ചിത്രീകരിക്കുകയായിരുന്ന സംഘവും ഇതിൽ ഉൾപ്പെടുന്നു. സ്‌ഫോടനത്തിന് മുൻപ് ഭൂമിക്കടിയിൽ ശക്തമായ വിറയൽ അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. മുന്നറിയിപ്പ് അവഗണിച്ച് സഞ്ചാരികൾക്ക് മലമുകളിലെത്താൻ സാധിച്ചത് അധികൃതരുടെ സുരക്ഷാ വീഴ്ചയാണെന്നാരോപിച്ച് നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
പസഫിക് സമുദ്രത്തിലെ 'റിംഗ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വത മേഖലകളിലൊന്നാണ്. ഡുകോണോയിലെ ഗർത്തത്തിൽ നിന്ന് ഇപ്പോഴും ചാരവും അവശിഷ്ടങ്ങളും പുറന്തള്ളുന്നത് തുടരുന്നതിനാൽ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.
Photo and News Source: Suprabhaatham









