തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നാല് ദിവസമായി തുടർന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. സൂപ്പർ താരം വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ (TVK) തമിഴ്‌നാട്ടിൽ അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ വിജയ്‌യുടെ പാർട്ടിക്ക് സാധിക്കാതെ വന്നതോടെ സഖ്യ ചർച്ചകൾ നിർണ്ണായകമായി. ഗവർണർ ആർ.വി. അർലേക്കർ ഭൂരിപക്ഷം തെളിയിക്കണമെന്ന് കർശന നിലപാട് സ്വീകരിച്ചതോടെയാണ് മറ്റ് പാർട്ടികളുടെ പിന്തുണ തേടാൻ ടിവികെ നിർബന്ധിതരായത്.
അവസാന നിമിഷം നടന്ന ചർച്ചകൾക്കൊടുവിൽ കോൺഗ്രസ്, വിസികെ, സിപിഐഎം, സിപിഐ, എഎംഎംകെ, മുസ്‌ലിം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണ ടിവികെയ്ക്ക് ലഭിച്ചു. ഇതോടെ വിജയ്‌യുടെ പിന്തുണ 121 എംഎൽഎമാരായി ഉയർന്നു. ഈ പിന്തുണയുമായി ഗവർണറെ കണ്ട വിജയ് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസഭാ രൂപീകരണത്തിൽ കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങളും വിസികെ ഒരു മന്ത്രിസ്ഥാനവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, സിപിഐഎം, സിപിഐ എന്നീ ഇടതുപക്ഷ പാർട്ടികൾ മന്ത്രിസഭയിൽ ചേരില്ലെന്നും പുറത്തുനിന്ന് പിന്തുണ നൽകുമെന്നും വ്യക്തമാക്കി. തമിഴ്‌നാട്ടിൽ ഗവർണർ ഭരണം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ അറിയിച്ചു. ജനവിധി മാനിച്ചാണ് പിന്തുണ നൽകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പി. ഷൺമുഖവും വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കായി ഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും ഇടതുപക്ഷം അറിയിച്ചു.
Photo and News Source: Mathrubhumi









