കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പ്രശസ്ത സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍ രാജിവെച്ചു. ഇമെയില്‍ മുഖേനയാണ് അദ്ദേഹം തന്റെ രാജി സമര്‍പ്പിച്ചത്. അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവിലും തന്റെ സ്ഥാനം രാജിവെച്ചിട്ടുണ്ട്. രാജി സംബന്ധിച്ച സൂചനകള്‍ അശോകന്‍ ചരുവില്‍ നേരത്തെ തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു.
തുടര്‍ഭരണത്തെക്കുറിച്ചുള്ള സച്ചിദാനന്ദന്റെ മുന്‍കാല പരാമര്‍ശങ്ങള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. കേരളത്തില്‍ രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും, ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഒരേ മുന്നണി ഭരിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും, ഭരണപക്ഷവും പ്രതിപക്ഷവും മാറി മാറി വരുന്നത് ജനാധിപത്യത്തിന്റെ പൊതുതത്വമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചോ ഭരണത്തുടര്‍ച്ചയെക്കുറിച്ചോ കൂടുതല്‍ പ്രതികരിക്കാന്‍ സച്ചിദാനന്ദന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ രണ്ട് വലതുപക്ഷ കക്ഷികള്‍ തമ്മിലായിരുന്നു മത്സരം എന്ന് എല്ലാ യഥാര്‍ത്ഥ ഇടതുപക്ഷക്കാരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ആശയപരവും വര്‍ഗപരവുമായ അഴിച്ചുപണികളെ ആശ്രയിച്ചിരിക്കും ഭാവിയിലെ തിരിച്ചുവരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo and News Source: Suprabhaatham










