നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ജനവിധി പൂർണ്ണമായ ആദരവോടെ സ്വീകരിക്കുന്നുവെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഫലം തീർത്തും അപ്രതീക്ഷിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഈ ജനവിധി തങ്ങൾക്ക് അവസാനമല്ലെന്നും, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള പുതിയൊരു തുടക്കമാണെന്നും പിണറായി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം കൂടുതൽ മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും, കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനും എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച യുഡിഎഫിനെ അദ്ദേഹം അഭിനന്ദിക്കാനും മറന്നില്ല.
കേരളത്തിന്റെ ഭാവിക്കും ജനക്ഷേമത്തിനും വേണ്ടി ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന ജനങ്ങൾക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി, തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ചകൾ കൃത്യമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും വ്യക്തമാക്കി.
Photo and News Source: Suprabhaatham










