ഒരു പതിറ്റാണ്ടോളം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് (CIAL) സുരക്ഷയൊരുക്കിയ സ്‌നിഫർ നായ ലോറ ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിച്ചു. സ്ഫോടക വസ്തുക്കളും ലഹരി പദാർത്ഥങ്ങളും മണത്തറിഞ്ഞ് കണ്ടെത്തുന്നതിൽ അതീവ മിടുക്ക് പ്രകടിപ്പിച്ചിരുന്ന ലോറ, ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ്. മൂന്ന് മാസം പ്രായമുള്ളപ്പോൾ സിയാലിന്റെ ശ്വാനസേനയുടെ ഭാഗമായ ലോറ, ആറു മാസത്തെ കഠിനമായ മിലിട്ടറി പരിശീലനത്തിന് ശേഷമാണ് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലകൾ ഏറ്റെടുത്തത്.
തന്റെ സേവനകാലയളവിൽ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിരവധി സാഹചര്യങ്ങളെ അതിജീവിക്കാൻ ലോറ സഹായിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ സി.ഐ.എസ്.എഫ് ഹെഡ് കോൺസ്റ്റബിൾ കെ. റിജേഷാണ് ലോറയെ പരിപാലിച്ചിരുന്നത്. വിരമിച്ച ലോറയെ സി.ഐ.എസ്.എഫിന്റെയും സിയാലിന്റെയും അനുമതിയോടെ റിജേഷ് തന്നെ ദത്തെടുത്ത് സംരക്ഷിക്കും.
ലോറയുടെ വിരമിക്കൽ ചടങ്ങ് വിമാനത്താവളത്തിൽ വികാരനിർഭരമായി നടന്നു. എയർപോർട്ട് ഡയറക്ടർ ജി. മനു, സി.ഐ.എസ്.എഫ് സീനിയർ കമൻഡാന്റ് നാഗേന്ദ്ര ദേവ്റാരി എന്നിവർക്കൊപ്പം സിയാൽ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. വിമാനത്താവളത്തിന്റെ സുരക്ഷാ ചരിത്രത്തിൽ തന്റേതായ അടയാളം ബാക്കിവെച്ചാണ് ഈ മിടുക്കി നായ പടിയിറങ്ങുന്നത്.
Photo and News Source: Kerala Kaumudi Latest









