മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഇ.എ.എം. അമീൻ രംഗത്ത്. മുഖ്യമന്ത്രി ആരാകണം എന്ന വിഷയത്തിൽ മുസ്‌ലിം ലീഗിന് അഭിപ്രായം പറയാൻ അർഹതയില്ലെന്ന മാത്യു കുഴൽനാടന്റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിനെതിരെയാണ് ലീഗ് നേതാവ് ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.

ലീഗിന്റെ അഭിപ്രായം കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിലല്ലെന്നും, മറിച്ച് നാടിന്റെ മുഖ്യമന്ത്രി ആരാകണം എന്നതിലാണെന്നും അമീൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ലീഗിനോട് അഭിപ്രായം പറയേണ്ടെന്ന് പറയാൻ കുഴൽനാടന് അധികാരമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മൂവാറ്റുപുഴയിലെ ലീഗ് പ്രവർത്തകർ വിചാരിച്ചാൽ കുഴൽനാടൻ നിയമസഭ കാണില്ലെന്നും, വന്ന വഴി മറക്കരുതെന്നും പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു.

ലീഗിനെയും അതിന്റെ നേതാക്കളെയും കേരള ജനതയ്ക്ക് നന്നായി അറിയാമെന്നും, അഞ്ച് പതിറ്റാണ്ടിലേറെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കളാണ് തങ്ങൾക്കുള്ളതെന്നും അമീൻ ചൂണ്ടിക്കാട്ടി. അഞ്ച് വർഷം എംഎൽഎ ആയപ്പോൾ ഉണ്ടായ അഹങ്കാരം സൂക്ഷിക്കണമെന്നും, ലീഗിനെ ചൊറിയാൻ വന്നാൽ കുഴൽനാടന്റെ പല കഥകളും പുറത്തു പറയേണ്ടി വരുമെന്നും അദ്ദേഹം ഭീഷണി സ്വരത്തിൽ മുന്നറിയിപ്പ് നൽകി. ഈ സംഭവം യുഡിഎഫ് മുന്നണിക്കുള്ളിലെ ഭിന്നതകൾ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.

Photo and News Source: Kairali News