ആന്ധ്രപ്രദേശിലെ കടപ്പയിൽ ഭാര്യയെ ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് നാട് കേട്ടത്. പ്രൊദ്ദത്തൂർ സ്വദേശി പത്മജ (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കിരണിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ അമിതവണ്ണവും ജങ്ക് ഫുഡിനോടുള്ള താൽപ്പര്യവും തനിക്ക് സമൂഹത്തിന് മുന്നിൽ നാണക്കേടുണ്ടാക്കുന്നു എന്ന് പറഞ്ഞായിരുന്നു ഇയാൾ നിരന്തരം വഴക്കിട്ടിരുന്നത്.

ഭാര്യയെ ഒഴിവാക്കി മറ്റൊരു യുവതിയുമായി ജീവിക്കാൻ ആഗ്രഹിച്ച കിരൺ, കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനായി സോഷ്യൽ മീഡിയ വഴി അന്വേഷണം നടത്തി ഒരു യൂട്യൂബറെ കണ്ടെത്തുകയും, 80,000 രൂപ നൽകി മാരകമായ വിഷം വാങ്ങുകയും ചെയ്തു. രാത്രി മിഠായിയിൽ വിഷം കലർത്തി പത്മജയ്ക്ക് നൽകി. വിഷം കഴിച്ച് ബോധരഹിതയായ പത്മജയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പത്മജ കട്ടിലിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് കിരൺ ബന്ധുക്കളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കിരൺ കുറ്റം സമ്മതിച്ചു. കിരണിന് വിഷം നൽകിയ യൂട്യൂബർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണ്.

Photo and News Source: Suprabhaatham