ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയോരത്തെ ഭൂമി കയ്യേറി നിർമ്മിച്ച ക്ഷേത്രവും ചർച്ചും ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ അധികൃതർ പൊളിച്ചുമാറ്റി. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് കനത്ത പോലീസ് സുരക്ഷയിലാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. ദുരന്ത നിവാരണത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് വ്യക്തമാക്കി.
2023-ൽ പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. പ്രദേശത്തെ 88 കെട്ടിടങ്ങൾ പൂർണ്ണമായും പൊളിച്ചുമാറ്റാനാണ് തീരുമാനം. ഇതിൽ 29 കുടുംബങ്ങൾ താമസിക്കുന്ന വീടുകളും ഉൾപ്പെടുന്നു. പുലർച്ചെ ആറ് മണിയോടെ ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾക്കെതിരെ നാട്ടുകാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തമിഴ് വംശജരായ താമസക്കാരുടെ പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധങ്ങൾക്കിടയിലും നടപടികളുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഒഴിപ്പിക്കപ്പെടുന്നവരിൽ 15 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി പ്രദേശത്ത് വിന്യസിച്ചിരുന്നത്.
Photo and News Source: Suprabhaatham









