കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് പ്രവർത്തകർ തെരുവിലിറങ്ങി. എറണാകുളത്തും കണ്ണൂരും ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തി പ്രവർത്തകർ ഐക്യദാർഢ്യ റാലികൾ സംഘടിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷമായി പ്രതിസന്ധിയിലായിരുന്ന കോൺഗ്രസിനെ തിരികെ കൊണ്ടുവന്നത് വി.ഡി. സതീശനാണെന്നും, അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് പ്രവർത്തകരുടെ പ്രധാന ആവശ്യം.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് നിരീക്ഷക സംഘാംഗം അജയ് മാക്കൻ വ്യക്തമാക്കി. എല്ലാ എം.എൽ.എമാരുമായും കൂടിക്കാഴ്ച നടത്തിയെന്നും, ഇതുസംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എം.എൽ.എമാരുമായുള്ള ചർച്ചകൾ വിജയകരമായിരുന്നുവെന്നും, അന്തിമ തീരുമാനം എടുക്കാൻ എ.ഐ.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതായും മുകുൾ വാസ്‌നിക് വ്യക്തമാക്കി.

തനിക്ക് 35 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് വി.ഡി. സതീശൻ അവകാശപ്പെടുന്നു. മുഖ്യമന്ത്രി പദമല്ലാതെ മറ്റൊന്നും തനിക്ക് വേണ്ടെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. സോഷ്യൽ മീഡിയയിലും സതീശനെ പിന്തുണച്ച് വലിയ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതേസമയം, 45 എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട് കെ.സി. വേണുഗോപാലും രംഗത്തുണ്ട്. കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ തുടങ്ങിയ പ്രമുഖ നേതാക്കളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.

Photo and News Source: Suprabhaatham