മധ്യപ്രദേശിലെ സത്ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖട്ടൂണും, കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ധർമ്മേന്ദ്ര സിംഗും തമ്മിലുള്ള വിവാഹം ശ്രദ്ധേയമാകുന്നു. ജയിലിൽ വാറണ്ട് ഇൻ-ചാർജായി ജോലി ചെയ്തിരുന്ന ഫിറോസയും, തടവുകാരനായിരുന്ന ധർമ്മേന്ദ്ര സിംഗും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2007-ലെ ഒരു കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ധർമ്മേന്ദ്ര സിംഗ്, ജയിൽവാസത്തിനിടെ അധികൃതരെ സഹായിച്ചിരുന്നു. ഈ കാലയളവിലാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്.

പതിനാല് വർഷത്തെ ജയിൽവാസത്തിന് ശേഷം നാല് വർഷം മുൻപാണ് ധർമ്മേന്ദ്ര സിംഗ് മോചിതനായത്. തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, വധുവിന്റെ വീട്ടുകാർ ഈ വിവാഹത്തെ എതിർത്തതോടെ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹാദൂർ മിശ്രയും ഭാര്യയും മുൻകൈയെടുത്ത് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. മേയ് 5-ന് ഛത്തർപൂർ ജില്ലയിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിൽ വേദമന്ത്രങ്ങൾ ഉരുവിട്ടാണ് കർമ്മങ്ങൾ പൂർത്തിയാക്കിയത്.

വിവാഹച്ചടങ്ങിൽ ബജ്‌റംഗ്ദൾ പ്രവർത്തകരും പങ്കെടുത്തു. വധുവിന്റെ വീട്ടുകാരുടെ എതിർപ്പ് മറികടക്കാൻ വിഎച്ച്പി നേതാക്കൾ തന്നെ കന്യാദാനം നിർവഹിക്കുകയായിരുന്നു. ആളുകളുടെ ശ്രദ്ധ ഒഴിവാക്കുന്നതിനായി ധർമ്മേന്ദ്ര സിംഗ് വിവാഹ ക്ഷണക്കത്തിൽ പേര് മാറ്റിയാണ് നൽകിയിരുന്നത്. സത്ന സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരും ജീവനക്കാരും തടവുകാരും ഉൾപ്പെടെയുള്ളവർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

Photo and News Source: Janmabhumi