കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ആകാംക്ഷയാണ് നിലനില്‍ക്കുന്നത്. കെ സി വേണുഗോപാലിന്റെ വരവിനെ തടയാന്‍ വി ഡി സതീശനും രമേശ് ചെന്നിത്തലയും കൈകോര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെ സി വേണുഗോപാലിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഇരു നേതാക്കളും എത്തിയത്.

മുഖ്യമന്ത്രി പദവി സംബന്ധിച്ച കാര്യത്തില്‍ വി ഡി സതീശന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല വിഭാഗം. നിലവില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ 45 എം എല്‍ എമാരുടെ പിന്തുണ തനിക്കുണ്ടെന്ന ആത്മവിശ്വാസത്തിലാണ്. അതേസമയം, തങ്ങള്‍ക്ക് 25 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു.

നേതാക്കള്‍ക്കിടയില്‍ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുകയാണ്. ഇതിനിടെ, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. തങ്ങളുടെ നേതാവിനെ തന്നെ മുഖ്യമന്ത്രി കസേരയില്‍ കാണണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

മറുഭാഗത്ത്, കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരും രംഗത്തുണ്ട്. സെക്രട്ടേറിയറ്റ് പരിസരത്ത് കെ സി വേണുഗോപാലിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പാലഭിഷേകം നടത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ചത്. വേണുഗോപാല്‍ കേരളത്തിന്റെ ഭരണം ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

Photo and News Source: Siraj Live