മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കോൺഗ്രസിലെ തർക്കങ്ങൾക്കിടെ, മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടുമായി കെ സി വേണുഗോപാൽ രംഗത്ത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ ഹൈക്കമാൻഡിന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ സി ക്യാമ്പ്. ഇതിനായി 47 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു.
അതേസമയം, കേവലം എംഎൽഎമാരുടെ എണ്ണം മാത്രം പരിഗണിക്കരുതെന്ന് എഐസിസി നിരീക്ഷകരോട് വി ഡി സതീശൻ ആവശ്യപ്പെട്ടു. എല്ലാ ഘടകങ്ങളും വിലയിരുത്തി വേണം തീരുമാനമെടുക്കാനാണ് അദ്ദേഹത്തിന്റെ വാദം. ഇതിനിടെ, കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകി. രമേശ് ചെന്നിത്തലയും വി ഡി സതീശനും തങ്ങളുടേതായ പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും, എംഎൽഎമാർ നിരീക്ഷകർക്ക് മുന്നിൽ നിലപാട് മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് മാനേജർമാർക്കുണ്ട്.
തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. 63 എംഎൽഎമാരെയും ഒറ്റയ്ക്കും കൂട്ടായും ഇവർ കാണും. ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ ചർച്ച നടത്തും. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കും. നിരീക്ഷകർ ദില്ലിയിൽ മടങ്ങിയ ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
Photo and News Source: Asianet News









