ബെംഗളൂരുവിൽ ലൈംഗികാതിക്രമ ശ്രമം ചെറുക്കുന്നതിനിടെ ക്രൂരമായി മർദ്ദനമേറ്റ് കൊല്ലപ്പെട്ട മൃഗസ്നേഹി സുനിതയുടെ വിയോഗത്തിൽ നടി പാർവതി തിരുവോത്ത് കടുത്ത ദുഃഖം രേഖപ്പെടുത്തി. സുനിതയുടെ മരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും, ഈ ക്രൂരകൃത്യം ചെയ്ത പ്രതിയെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും പാർവതി ചോദിക്കുന്നു.
സുനിതയുടെ മരണത്തെക്കുറിച്ച് പാർവതിയുടെ വാക്കുകൾ ഇങ്ങനെ: "സുനിത വെറുതെ മരിച്ചതല്ല, അവൾ കൊല്ലപ്പെട്ടതാണ്. ഞാൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും സ്നേഹമുള്ള, ദയയുള്ള സ്ത്രീയായിരുന്നു അവൾ. തന്റെ കൊലപാതകിയുടെ ലൈംഗികാതിക്രമ ശ്രമങ്ങളെ ചെറുക്കുന്നതിനിടയിലാണ് അവൾ കൊല്ലപ്പെട്ടതെന്ന് അറിഞ്ഞത് മുതൽ എനിക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല. ആരായിരുന്നു അവളുടെ തൊഴിലുടമ? എന്തുകൊണ്ട് പ്രതിയെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ല?"
നാല് വയസ്സുള്ള മകനും ഭർത്താവും അടങ്ങുന്നതായിരുന്നു സുനിതയുടെ കുടുംബം. ഇതിനുപുറമെ 167 തെരുവുനായ്ക്കളെയും അവൾ സംരക്ഷിച്ചിരുന്നു. നായ്ക്കളെ പരിപാലിക്കുന്നതിനിടയിൽ മുൻപും പലതവണ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള സുനിത, മികച്ച ശമ്പളം വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് ഈ ജോലിയിൽ പ്രവേശിച്ചത്. തന്റെ കുടുംബത്തെയും നായ്ക്കളെയും സംരക്ഷിക്കാൻ ഈ വരുമാനം സഹായിക്കുമെന്ന് അവൾ കരുതിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ബെംഗളൂരുവിൽ വെച്ച് സുനിതയ്ക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നത്. ഷെൽട്ടർ ഹോം ഉടമയായ ദീപക് കൃഷ്ണ സുനിതയുടെ തല ഭിത്തിയിലും അലമാരയിലും ഇടിപ്പിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സുനിത വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
Photo and News Source: Asianet News










