സാധാരണയായി ഉയരം പലർക്കും ഒരു അലങ്കാരമായി തോന്നാറുണ്ടെങ്കിലും, തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (TSRTC) കണ്ടക്ടറായ അമീൻ അഹമ്മദ് അൻസാരിക്ക് അത് വലിയൊരു പ്രതിസന്ധിയായി മാറുകയായിരുന്നു. 6 അടി 6 ഇഞ്ച് ഉയരമുള്ള അമീന് ബസിനുള്ളിലെ പരിമിതമായ സൗകര്യങ്ങൾക്കിടയിൽ ജോലി ചെയ്യുന്നത് ഏറെ ദുഷ്കരമായിരുന്നു.
ഹൈദരാബാദ്-കരിംനഗർ റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിലായിരുന്നു അമീൻ ജോലി ചെയ്തിരുന്നത്. എട്ടു മണിക്കൂർ നീളുന്ന ഷിഫ്റ്റിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനും പണം വാങ്ങുന്നതിനുമായി നിരന്തരം കുനിഞ്ഞുനിൽക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. ഇതിനെത്തുടർന്ന് കടുത്ത നടുവേദനയും കഴുത്തുവേദനയും അമീനെ അലട്ടിയിരുന്നു.
തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ജോലിയിൽ മാറ്റം വേണമെന്ന അമീന്റെ അപേക്ഷ മാനേജ്മെന്റ് അനുഭാവപൂർവ്വം പരിഗണിച്ചു. മേയ് അഞ്ചിന് മുഷീറാബാദിലെ ബസ് ഭവൻ ആസ്ഥാനത്തുനിന്നും പുറത്തിറങ്ങിയ ഔദ്യോഗിക ഉത്തരവിലൂടെ, അമീനെ കണ്ടക്ടർ തസ്തികയിൽ നിന്ന് മാറ്റി 'ഔട്ട് ഓഫ് ഡെസിഗ്നേഷൻ' ഡ്യൂട്ടിയിലേക്ക് നിയമിക്കുകയായിരുന്നു.
ശമ്പളത്തിലോ മറ്റ് ആനുകൂല്യങ്ങളിലോ യാതൊരു കുറവും വരുത്താതെയാണ് ഈ പുതിയ നിയമനം നൽകിയിരിക്കുന്നത്. ഇപ്പോൾ നിവർന്നു നിന്ന് ജോലി ചെയ്യാൻ കഴിയുന്നതിന്റെ വലിയ ആശ്വാസത്തിലാണ് അമീൻ. അമീന്റെ ഈ അവസ്ഥയും അദ്ദേഹത്തിന് ലഭിച്ച പുതിയ അവസരവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും നിരവധി പേർ അദ്ദേഹത്തിന് പിന്തുണയുമായി എത്തുകയും ചെയ്തു.
Photo and News Source: Kairali News










