കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിന്തുണയുമായി സംവിധായകൻ ഭദ്രൻ രംഗത്ത്. പോരാട്ടത്തിന് നേതൃത്വം നൽകിയ സതീശനെ ഹൈക്കമാൻഡ് അവഗണിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലൂടെയാണ് ഭദ്രൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. നടൻ സിദ്ദിഖിന് പിന്നാലെയാണ് ഭദ്രനും സതീശന് അനുകൂലമായി നിലപാട് സ്വീകരിച്ചിരിക്കുന്നത്. പോർമുഖത്ത് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതെന്ന് അദ്ദേഹം ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചു. അർഹനായ ഒരാളെ തഴയുന്നത് ജനാധിപത്യത്തിന് തന്നെ വലിയ ആഘാതമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

രമേശ് ചെന്നിത്തലയുടെയും കെ.സി വേണുഗോപാലിന്റെയും കഴിവുകളെ താൻ മാനിക്കുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്നത് വി.ഡി സതീശനെയാണെന്നും ഭദ്രൻ ചൂണ്ടിക്കാട്ടി. "അത് ഉണ്ടാക്കുന്ന ആഘാതം ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും. അർഹനായവനെ അനർഹനാക്കരുത്, അത് വലിയൊരു പൊളിറ്റിക്കൽ ബ്ലെൻഡർ ആയി തീരും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവികാരം മാനിച്ചുകൊണ്ട് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും അനുയായികളും.

Photo and News Source: Asianet News