സ്രഷ്ടാവായ അല്ലാഹുവിന് മുന്നിൽ ജീവസ്സുറ്റ ഹൃദയത്തോടെ നിൽക്കാൻ നമുക്ക് സാധിക്കണം. അശ്രദ്ധമായ ജീവിതശൈലി ഹൃദയത്തിന്റെ ചൈതന്യം കെടുത്തുന്നു. അല്ലാഹുവിനെ സ്മരിക്കുമ്പോഴാണ് ഹൃദയം യഥാർത്ഥത്തിൽ തുടിക്കുന്നത്. അശ്രദ്ധരായവരുടെ കൂട്ടത്തിൽ പെട്ടുപോകരുതെന്ന് വിശുദ്ധ ഖുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരാവുകയും അതിനനുസരിച്ച് കർമ്മങ്ങൾ ക്രമീകരിക്കുകയും ചെയ്യുമ്പോഴാണ് ഹൃദയം സജീവമായി നിലനിൽക്കുന്നത്.
ഇമാം ഇബ്നുൽ ജൗസി(റ) ഹൃദയം നിർജീവമാകുന്നതിന്റെ ലക്ഷണങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അല്ലാഹുവിനെ അറിയാമെന്ന് അവകാശപ്പെടുകയും എന്നാൽ അവനോടുള്ള ബാധ്യതകൾ നിറവേറ്റാതിരിക്കുകയും ചെയ്യുക, വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുകയും എന്നാൽ ജീവിതത്തിൽ പകർത്താതിരിക്കുകയും ചെയ്യുക, പ്രവാചകനോടുള്ള സ്നേഹം വാദിക്കുകയും എന്നാൽ ചര്യകൾ പിന്തുടരാതിരിക്കുക എന്നിവയെല്ലാം ഹൃദയത്തിന്റെ ചാർജ് കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. വെറും വാചകങ്ങൾ കൊണ്ടോ അറിവുകൾ ശേഖരിച്ചതുകൊണ്ടോ മാത്രം ആത്മീയത പൂർണ്ണമാവില്ല.
നന്മകൾ നഷ്ടപ്പെടുമ്പോൾ ദുഃഖം തോന്നാതിരിക്കുകയും തെറ്റുകൾ ചെയ്യുമ്പോൾ ഖേദം തോന്നാതിരിക്കുകയും ചെയ്യുന്നത് ഹൃദയത്തിന്റെ മരവിപ്പിനെയാണ് സൂചിപ്പിക്കുന്നത്. അമിതമായ ചിരിയും അശ്രദ്ധമായ ജീവിതവും ഹൃദയത്തെ കൊല്ലുമെന്ന് പ്രവാചകൻ(സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെറ്റുകൾ ചെയ്യുമ്പോൾ ഹൃദയത്തിൽ കറുത്ത പാടുകൾ വീഴുന്നു. എന്നാൽ, പശ്ചാത്താപത്തിലൂടെയും പ്രാർത്ഥനയിലൂടെയും ഈ കറകൾ നീക്കി ഹൃദയത്തിന്റെ തുടിപ്പ് വീണ്ടെടുക്കാൻ ഓരോ വിശ്വാസിക്കും സാധിക്കും. അശ്രദ്ധയിൽ നിന്ന് മാറി സജീവമായ ഹൃദയത്തോടെ ജീവിക്കാൻ നാം പരിശ്രമിക്കേണ്ടതുണ്ട്.
Photo and News Source: Siraj Live









