ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് 'ഒരു ജീവനു വേണ്ടി ഒരു തുള്ളി രക്തം' എന്ന സന്ദേശവുമായി വോയ്സ് കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള (BDK) കുവൈത്ത് ചാപ്റ്ററും സംയുക്തമായി മഹാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രീയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പ് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി.

നിരവധി ആളുകൾ പങ്കെടുത്ത ക്യാമ്പ് വലിയ വിജയമായിരുന്നുവെന്ന് ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം, നളിനാക്ഷൻ ഒളവറ, രാജൻ തോട്ടത്തിൽ, മാർട്ടിൻ മാത്യു, റജീന ലത്തീഫ് തുടങ്ങിയവർ ആശംസ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വോയ്സ് കുവൈത്തിന്റെ വിവിധ ഭാരവാഹികളും യൂണിറ്റ് പ്രതിനിധികളും ചടങ്ങിൽ സംസാരിക്കുകയും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

രക്തദാനം നടത്തിയവർക്ക് വോയ്സ് കുവൈത്തിന്റെയും ബി.ഡി.കെ കുവൈത്തിന്റെയും നേതൃത്വത്തിൽ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ബി.ഡി.കെ മീഡിയ കൺവീനർ ജയൻ സദാശിവൻ വോയ്സ് കുവൈത്തിനുള്ള പ്രശംസാപത്രം പ്രസിഡന്റ് സുജീഷ് പി. ചന്ദ്രന് കൈമാറി. രക്തദാതാക്കൾക്കായി ലഘുഭക്ഷണ വിതരണവും ക്രമീകരിച്ചിരുന്നു.

വോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ് ജനറൽ കൺവീനർ നിതിൻ ജി. മോഹനൻ സ്വാഗതം ആശംസിച്ചു. ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച ബി.ഡി.കെ ഭാരവാഹികൾ, വോളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ, രക്തദാതാക്കൾ എന്നിവർക്ക് വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് നന്ദി രേഖപ്പെടുത്തി.

Photo and News Source: Sathyam Online