മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടറിന്റെ ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്‌നി പോലീസ് കേസെടുത്തു. ഏപ്രില്‍ 5-ന് സിഡ്‌നിയിലെ ഈസ്റ്റേണ്‍ സബര്‍ബ്‌സില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് വാര്‍ണറുടെ രക്തത്തില്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയിലധികം മദ്യത്തിന്റെ സാന്നിധ്യം (0.104 ശതമാനം) കണ്ടെത്തിയത്.
വ്യാഴാഴ്ച സിഡ്‌നി കോടതിയില്‍ കേസ് പരിഗണിച്ചെങ്കിലും വാര്‍ണര്‍ നേരിട്ട് ഹാജരായിരുന്നില്ല. തുടര്‍ന്ന് കേസ് ജൂണ്‍ 24-ലേക്ക് മാറ്റി. വാര്‍ണര്‍ തന്റെ തെറ്റ് സമ്മതിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബോബി ഹില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരു ടാക്‌സി വിളിക്കുന്നതിന് പകരം സ്വന്തമായി വാഹനമോടിക്കാന്‍ തീരുമാനിച്ചത് വിവേകശൂന്യമായ പ്രവൃത്തിയാണെന്നും, ചെയ്ത കാര്യത്തില്‍ താരം ഖേദിക്കുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. സുഹൃത്തിന്റെ വീട്ടിലെ വിരുന്നില്‍ മൂന്ന് ഗ്ലാസ് വൈന്‍ കഴിച്ച ശേഷമാണ് വാര്‍ണര്‍ വാഹനമോടിച്ചത്.
സാധാരണ പൗരന്മാര്‍ക്ക് ലഭിക്കുന്ന അതേ ശിക്ഷാ നടപടികള്‍ നേരിടാന്‍ വാര്‍ണര്‍ തയ്യാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. ഈ സംഭവം സിഡ്‌നി തണ്ടര്‍ ടീമിലെ വാര്‍ണറുടെ ക്യാപ്റ്റന്‍ സ്ഥാനത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. വാര്‍ണര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവകരമാണെന്നും മദ്യപിച്ച് വാഹനമോടിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും ക്രിക്കറ്റ് ന്യൂസൗത്ത് വെയ്ല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ലീ ജര്‍മ്മന്‍ പ്രതികരിച്ചു.
2024-ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ണര്‍ ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ്. 112 ടെസ്റ്റുകളില്‍ നിന്നായി 8,786 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. നേരത്തെ 2018-ലെ പന്തുചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വാര്‍ണര്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു.
Photo and News Source: Asianet News









