കോഴിക്കോട്: ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യ നടത്തിയ ഏകജാലക പ്രവേശന പരീക്ഷ ജെ സാറ്റിന് സമാപനം. മതവും ഭൗതികവുമായ വിദ്യാഭ്യാസം സമന്വയിപ്പിച്ച് സമൂഹ നേതൃത്വത്തിലേക്ക് വളരാനുള്ള യുവ ഹാദി പണ്ഡിതരെ തയ്യാറാക്കുന്ന പരീക്ഷയായിരുന്നു ഇത്. ഇന്ത്യയിലും വിദേശത്തുമായി 50-ലധികം പരീക്ഷാ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
രാവിലെ ഒമ്പതു മണി മുതൽ പ്രവേശനം തുടങ്ങിയ പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സൗഹൃദപൂർവം സ്വീകരിച്ചു. ഓരോ കേന്ദ്രങ്ങളിലും ദാഇറ കമ്മിറ്റികളും സ്ഥാപനങ്ങളുമാണ് പരീക്ഷാ നടപടികൾ ഏകോപിപ്പിച്ചത്. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, അന്തമാൻ, ലക്ഷദ്വീപ്, ഡൽഹി, മുംബൈ തുടങ്ങിയയിടങ്ങളിലും പരീക്ഷ നടന്നു. അറബ് രാജ്യങ്ങൾ, മലേഷ്യ, സിംഗപ്പൂർ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഐ സി എഫ് നേതൃത്വത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിച്ചു.
രാവിലെ എഴുത്തുപരീക്ഷ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇന്റർവ്യൂയും നടത്തി. രക്ഷിതാക്കൾക്കായി പ്രത്യേക സെഷനുകളും ഏർപ്പെടുത്തിയിരുന്നു. കനത്ത ചൂടിനെ പ്രതിരോധിക്കുന്ന വിധത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലയുടെ മുശാവറ അംഗങ്ങൾ, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കൾ എന്നിവർ ഓരോ കേന്ദ്രങ്ങളിലും പരീക്ഷാ നടപടികൾ നിരീക്ഷിച്ചു. ജാമിഅതുൽ ഹിന്ദിന്റെ ദാഇറ കമ്മിറ്റികളുടെ കീഴിലുള്ള ഉസ്താദുമാരാണ് ജെ സാറ്റിന്റെ നടത്തിപ്പ് ഏറ്റെടുത്തത്.
Photo and News Source: Siraj Live









