വിവാഹത്തിന് ശ്രീകൃഷ്ണ ക്ഷേത്രങ്ങളെ തിരഞ്ഞെടുക്കുന്നത് വിശ്വാസത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായാണ്. കേരളത്തിലെ ഗുരുവായൂർ, അമ്പലപ്പുഴ തുടങ്ങിയ ക്ഷേത്രങ്ങൾ വിവാഹവേദിയായി ജനപ്രിയമാണ്.

ശ്രീകൃഷ്ണന് സ്‌നേഹത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായി കരുതപ്പെടുന്നു. ഭഗവാന്റെ നടയിൽ വെച്ച് താലികെട്ടുന്നത് ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. ‘ഗുരുവായൂരപ്പന്റെ മുന്നിൽ താലികെട്ടുക’ എന്നത് മലയാളികളുടെ ഏറെ ആഗ്രഹമാണ്.

രുക്മിണി സ്വയംവരം പോലെയുള്ള പുരാണ കഥകൾ വിവാഹത്തിന് പ്രചോദനമായി. ക്ഷേത്ര വിവാഹങ്ങൾ ലളിതവും ചെലവുകുറഞ്ഞതുമാണ്. ദൈവത്തിന്റെ സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെ ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ ആദ്യ തിരഞ്ഞെടുപ്പാണ് ക്ഷേത്രങ്ങൾ.

കൃഷ്ണ ക്ഷേത്രങ്ങളിലെ വിവാഹ ചടങ്ങുകൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. തുളസിമാല, ദീപാരാധന, വാദ്യഘോഷങ്ങൾ എന്നിവ വിവാഹത്തിന് പവിത്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്നത് ഗുരുവായൂരിലാണ്. ഭൂമിയിലെ വൈകുണ്ഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ വെച്ചുള്ള വിവാഹം വലിയൊരു മംഗളമായി കരുതപ്പെടുന്നു.

Photo and News Source: Janam TV