പത്തനംതിട്ടയിലെ ശബരിമലയിൽ നട അടച്ച സമയത്ത് ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് യൂട്യൂബർക്കെതിരെ പമ്പ പോലീസ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയിലേക്ക് കടന്ന് വീഡിയോ ചിത്രീകരിച്ചതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ സംഭവത്തെക്കുറിച്ച് പോലീസ്, വനംവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
'നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച' എന്ന തലക്കെട്ടിൽ ഏപ്രിൽ 24-ന് പത്തു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചത് ഒരു വ്യക്തിയാണ്. ശബരിമല നട അടച്ചതിനുശേഷം അധികൃതർക്കല്ലാതെ മുകളിലേക്കു പോകാൻ ആർക്കും അനുവാദമില്ല. എന്നാൽ സുരക്ഷാ പരിശോധനകൾ വെട്ടിച്ച് സന്നിധാനത്തേക്ക് എത്തിയെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.
പോലീസ് ചെക്കിംഗ് പോയിന്റുകൾ കടന്ന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദൻ റോഡ്, വലിയ നടപ്പന്തൽ വഴിയാണ് ഇയാൾ പതിനെട്ടാംപടിക്ക് താഴെ എത്തിയത്. ഇവിടങ്ങളിലെല്ലാം സുരക്ഷാ ജീവനക്കാരുണ്ടായിരുന്നിട്ടും കടന്നുപോയത് ദുരൂഹതയാണ്. പതിനെട്ടാംപടിയും കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വീഡിയോ അവസാനിക്കുന്നത്. നിരോധന മേഖലകളിൽ ഇത്തരം ചിത്രീകരണങ്ങൾ നിയമവിരുദ്ധമാണ്.
Photo and News Source: Kvartha










