സർക്കാർ മേഖലയിൽ വയോജന പരിചരണത്തിന് പ്രത്യേക കോഴ്സ് ആരംഭിക്കാൻ തീരുമാനിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റ് (ഐഎച്ച്ആർഡി) ആറുമാസത്തെ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സ് നടപ്പാക്കുന്നു. ആശുപത്രി പരിശീലനം, വീട്ടിലെ പരിചരണ രീതികൾ, സാന്ത്വന പരിചരണം, മാനസികാരോഗ്യ പരിചരണം എന്നിവ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുന്നു.

ഈ കോഴ്‌സിലൂടെ ഒറ്റപ്പെടലിനെ നേരിടുന്ന വയോജനങ്ങൾക്ക് മാനുഷിക സഹായം നൽകാൻ കഴിയുന്ന വിഭവശേഷി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. മേയ് 18-ന് ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്ക് അപേക്ഷ സമർപ്പിക്കാൻ മേയ് 4 വരെയും, നേരിട്ട് മേയ് 5 വരെയും സമയം ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫീസ് 150 രൂപയാണ്. എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് 100 രൂപയാണ് ഫീസ്.

പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴ്‌സിന്റെ മൊത്തം ഫീസ് 29,500 രൂപ. പ്രവേശന സമയത്ത് ആദ്യം 17,000 രൂപ അടയ്ക്കേണ്ടതുണ്ട്. 14 ജില്ലകളിലായി 16 കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. ഓരോ ബാച്ചിലും 40 പേരെ മാത്രം പ്രവേശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 8547005000-ൽ ബന്ധപ്പെടാം.

Photo and News Source: Kairali News