നത്തിങ്ങിന്റെ ഉപബ്രാൻഡായ സിഎംഎഫിന്റെ പുതിയ സ്മാർട്ട് വാച്ച് 'സിഎംഎഫ് വാച്ച് 3 പ്രോ' ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 2025 ജൂലൈയിൽ ആഗോള വിപണിയിൽ പുറത്തിറങ്ങിയ ഈ വാച്ച് ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ ലഭ്യമാകും. വിലയും റിലീസ് തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പ്രധാന സവിശേഷതകൾ പുറത്തുവിട്ടിട്ടുണ്ട്.

1.43 ഇഞ്ച് റൗണ്ട് അമോലെഡ് ഡിസ്‌പ്ലേ, 466x466 റെസല്യൂഷൻ, 60Hz റിഫ്രഷ് റേറ്റ്, 670 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് ഈ വാച്ചിന്റെ സവിശേഷതകൾ. 120-ലധികം വാച്ച് ഫേസുകളും നാല് നിറങ്ങളിൽ (ലൈറ്റ് ഗ്രീൻ, ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ, ഓറഞ്ച്) ലഭ്യമാകും. 350mAh ബാറ്ററിയുള്ള ഈ വാച്ചിന് സാധാരണ ഉപയോഗത്തിൽ 13 ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ട്. കൂടുതൽ ഉപയോഗിക്കുന്നവർക്ക് 10 ദിവസവും, ഡിസ്‌പ്ലേ എപ്പോഴും ഓൺ ആക്കിയാൽ 4 ദിവസവും ബാറ്ററി ബാക്കപ്പ് ലഭിക്കും.

ഡ്യുവൽ-ബാൻഡ് മൾട്ടി-സിസ്റ്റം ജിപിഎസ് (GPS) ഉള്ള ഈ വാച്ച് ഓട്ടം, സൈക്ലിംഗ് തുടങ്ങിയ ഔട്ട്ഡോർ ആക്റ്റിവിറ്റികൾക്ക് സഹായകരമാണ്. നിർമിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള കസ്റ്റം റണ്ണിംഗ് കോച്ച്, ത്രിഡി ആനിമേറ്റഡ് വാംഅപ്പ് ഗൈഡുകൾ, ശ്വസന വ്യായാമ നിർദ്ദേശങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Photo and News Source: Mathrubhumi