ദുബായ്: യു.എ.ഇ. സെൻട്രൽ ബാങ്ക്, രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് സേവനം ആരംഭിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എ.ഡി.സി.ബി) എന്നിവയുമായി സഹകരിച്ച് പ്രാവർത്തികമാക്കിയ ഈ സംവിധാനം 'ടൂറിസ്റ്റ് ഐഡന്റിറ്റി' എന്ന പേരിലാണ് അറിയപ്പെടുന്നത്.

യാത്രക്കാരുടെ രാജ്യപ്രവേശന സമയത്ത് തന്നെ ഒരു സുരക്ഷിത ഡിജിറ്റൽ ഐഡന്റിറ്റി ലഭിക്കും. ഐ.സി.പി വികസിപ്പിച്ച ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട് തുറക്കാം. ഈ അക്കൗണ്ട് എ.ഡി.സി.ബിയുടെ മൊബൈൽ ബാങ്കിങ് ആപ്പുമായി ലിങ്ക് ചെയ്യുന്നതോടെ, തൽക്ഷണം ഡിജിറ്റൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും സാധിക്കും.

പരമ്പരാഗതമായ പേപ്പർവർക്കുകൾ ഒഴിവാക്കി, പ്രക്രിയ പൂർണ്ണമായും ഡിജിറ്റലായി മാറുന്നു. യു.എ.ഇ. സന്ദർശിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള താമസം ഒഴിവാക്കാനും, ഡിജിറ്റലായി പണമടക്കാനും സാധിക്കും. ദീർഘകാല വിനോദയാത്രക്കാർ, ബിസിനസ്സ് യാത്രക്കാർ, പതിവ് സന്ദർശകർ എന്നിവർക്കും ഈ സംവിധാനം പ്രയോജനകരമാണ്.

Photo and News Source: Mathrubhumi