ന്യൂയോർക്കിൽ നടന്നുകൊണ്ടിരിക്കുന്ന എൻപിടി റിവ്യൂ കോൺഫറൻസിൽ റഷ്യ ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേലിന്റെ സൈനിക നീക്കത്തെ ശക്തമായി വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ആണവായുധ നിരോധന കരാറിന്റെ (NPT) ഭാവി ദോഷകരമായി ബാധിക്കുമെന്നും റഷ്യൻ പ്രത്യേക പ്രതിനിധി ആന്ദ്രേ ബെലൂസോവ് മുന്നറിയിപ്പ് നൽകി.
യുഎൻ സുരക്ഷാ കൗൺസിലിനെ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് ഈ ആക്രമണം നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഒരു ആണവായുധ രാജ്യമായ അമേരിക്കയും, എൻപിടിയെ അവഗണിക്കുന്ന ഇസ്രായേലും ചേർന്ന് നടത്തുന്ന ഈ നീക്കം അതീവ ഗുരുതരമാണ്' എന്നദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ബന്ധങ്ങളെയും ആണവ കരാറുകളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയത് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) വിശ്വാസ്യത തകർത്തിട്ടുണ്ടെന്നും, ലോക സമാധാനത്തിന് ഭീഷണിയാണെന്നും റഷ്യൻ പ്രതിനിധി വ്യക്തമാക്കി. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം വികസിപ്പിക്കാനുള്ള ഇറാന്റെ അവകാശത്തെ അമേരിക്കയും ഇസ്രായേലും ലംഘിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
Photo and News Source: Kvartha










