കണ്ണൂർ/തിരുവനന്തപുരം: നിതിൻ രാജിന്റെ മരണത്തിനെതിരെ നടക്കുന്ന പ്രതിഷേധ ഹർത്താലുമായി സംസ്ഥാന വ്യാപാരികളും ബസ് ഉടമകളും സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഏപ്രിൽ 28-ലെ ഹർത്താലിന് വ്യാപാരികൾ പതിവുപോലെ കടകൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്ബ് വ്യക്തമാക്കി.

അന്വേഷണം ശരിയായ ദിശയിലാണെന്നും, ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിലെ പ്രതിസ്ഥാനത്തുള്ള വ്യക്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.

ബസ് സർവീസുകളും മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചു. സ്വകാര്യ ബസുകൾ പതിവുപോലെ സർവീസ് നടത്തുമെന്ന് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാത്ത ഹർത്താലിനെ വ്യാപാരികളും ബസ് ഉടമകളും നിരാകരിച്ചു.

Photo and News Source: Kvartha