കണ്ണൂരിൽ നിന്നുമുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മെയ് ആറിന് പുലർച്ചെ 2.30 ന് ഫ്‌ളൈ അദീലിന്റെ വിമാനത്തിലാണ് യാത്ര തിരിക്കുക. 13 സർവീസുകളിലായി 4550 തീർഥാടകർ ഹജ്ജിനായി പുറപ്പെടുന്നു. യാത്രയുടെ ഔപചാരിക ഉദ്ഘാടനം മെയ് അഞ്ച് വൈകീട്ട് നാല് മണിക്ക് നടക്കും.

ഹജ്ജ് ക്യാംപിൽ വിശ്രമം, ഭക്ഷണം, ആരോഗ്യപരിചരണം, പ്രാർത്ഥനാ സൗകര്യം എന്നിവ ഉറപ്പാക്കും. എമർജൻസി മെഡിക്കൽ സേവനം, പോലീസ്, അഗ്നിശമന സേന കൗണ്ടറുകൾ, ബാങ്കിംഗ് സേവനങ്ങൾ എന്നിവയും ക്യാംപിൽ സജ്ജീകരിക്കും. വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളും താൽക്കാലിക വിശ്രമ ഇരിപ്പിടങ്ങളും ഒരുക്കും.

ഹജ്ജ് തീർഥാടകരുടെ യാത്രാസൗകര്യങ്ങൾ വിലയിരുത്തുന്നതിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം കല ഭാസ്കറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മുന്തവർഷത്തെപ്പോലെ കൂടുതൽ കാര്യക്ഷമമായി സംവിധാനങ്ങൾ ഏർപ്പെടുത്തി യാത്ര ഉറപ്പാക്കണമെന്ന് എഡിഎം നിർദ്ദേശിച്ചു. യോഗത്തിൽ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ കക്കൂത്ത്, വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു.

Photo and News Source: Samakalika Malayalam