തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഇപ്പോൾ സര്‍വ്വകാല റെക്കോർഡിലാണ്. ഏപ്രിൽ 18-ന് 117.16 ദശലക്ഷം യൂണിറ്റും 6033 മെഗാവാട്ടും ഉപയോഗിച്ച കേരളം, ഏപ്രിൽ 23-ന് 6195 മെഗാവാട്ടായി ഉയർത്തി. വൈകുന്നേരം 6 മുതൽ 11 വരെയുള്ള പീക്ക് സമയങ്ങളിലാണ് ഉയർന്ന ഉപഭോഗം. പുറത്തുനിന്നുള്ള വൈദ്യുതിയും ഉല്‍പ്പാദനവും പരമാവധി ഉപയോഗിച്ചിട്ടും വോള്‍ട്ടേജ് കുറവും പ്രാദേശിക തടസ്സങ്ങളും നേരിടുന്നു.

അപ്രതീക്ഷിത ലോഡ് ഷെഡിംഗും പവര്‍കട്ടും ഒഴിവാക്കാൻ ഉപഭോക്താക്കളുടെ സഹകരണം അത്യാവശ്യമാണ്. രാത്രി 11 മണി വരെ വാഷിംഗ് മെഷീൻ, മിക്സി, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ ഉപകരണങ്ങൾ ഒഴിവാക്കുക. എയർ കണ്ടീഷണറുകളുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുക. ഇലക്ട്രിക് വാഹന ചാർജിംഗ് രാത്രി 11 മണിക്ക് ശേഷം നടത്തുക. ആവശ്യമില്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫാക്കി ഊർജ്ജ ലാഭം നേടുക. വരാനിരിക്കുന്ന കടുത്ത വേനൽക്കാലത്ത് വൈദ്യുതി പ്രതിസന്ധി കുറയ്ക്കാൻ ജനങ്ങൾ മുന്നോട്ട് വരണം.

Photo and News Source: Janam TV