സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കടൽജീവികളുടെ നിയമവിരുദ്ധ വ്യാപാരം തടയുന്നതിനായി മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിയുള്ള പങ്കാളിത്ത സമീപനം അനിവാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (CMFRI) സംഘടിപ്പിച്ച ത്രിദിന ദേശീയ ശിൽപശാലയിലാണ് ഈ നിർദേശം ഉയർന്നത്. തീരദേശവാസികളുടെ ഉപജീവനമാർഗ്ഗങ്ങളെ ബാധിക്കാത്ത രീതിയിലുള്ള സംരക്ഷണ പ്രവർത്തനങ്ങളും വിവിധ ഏജൻസികളുടെ ഏകോപിത ശ്രമങ്ങളും ഇതിനായി ആവശ്യമാണ്.
അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളും, സാമൂഹിക-പാരിസ്ഥിതിക വശങ്ങൾ പരിഗണിച്ചുള്ള നിയമനിർമ്മാണങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്ന് ശിൽപശാലയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. CMFRI, വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (WCCB), WWF-India എന്നിവർ സംയുക്തമായാണ് ഈ ശിൽപശാല സംഘടിപ്പിക്കുന്നത്. സ്രാവ് ചിറകുകൾ, തിരണ്ടിയുടെ ഗിൽ പ്ലേറ്റുകൾ, കടൽവെള്ളരി, കടൽക്കുതിര, വിവിധയിനം ശംഖുകൾ എന്നിവയാണ് പ്രധാനമായും അനധികൃത വ്യാപാരത്തിന് ഇരയാകുന്നത്.
2010 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ 17 അനധികൃത സ്രാവ് ഉൽപ്പന്ന വേട്ടകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 82 ശതമാനവും സ്രാവ് ചിറകുകളുമായി ബന്ധപ്പെട്ടതാണ്. പിടിച്ചെടുക്കുന്ന കടൽജീവികളെ കൃത്യമായി തിരിച്ചറിയുക എന്നത് അന്വേഷണ ഏജൻസികൾ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ഉദ്ഘാടനം നിർവഹിച്ച ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മനു സത്യൻ പറഞ്ഞു. ഇതിനായി CMFRI പോലുള്ള സ്ഥാപനങ്ങളുടെ ശാസ്ത്രീയ സഹായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദ്രവന്യജീവി സംരക്ഷണം ഉറപ്പാക്കാൻ വിവിധ ഏജൻസികളുടെ കൂട്ടായ്മ രൂപീകരിക്കണമെന്ന് CMFRI ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, സംരക്ഷണ പ്രവർത്തകർ എന്നിവർ ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്. പവിഴപ്പുറ്റുകൾ, സമുദ്ര സസ്തനികൾ, കടലാമകൾ എന്നിവയെ തിരിച്ചറിയുന്നതിനും, സൈബർ കുറ്റകൃത്യങ്ങളിലെ ഡിജിറ്റൽ തെളിവ് ശേഖരണത്തിനും നിയമനടപടികൾക്കും പരിശീലനം നൽകുന്നുണ്ട്. CMFRI, WWF, WCCB, വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII) തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്.
Photo and News Source: Sathyam Online










