മലയാള സിനിമയിൽ പരീക്ഷണങ്ങളുടെ കാലമാണ്. ഈ നിരയിലേക്ക് പുതിയൊരു ദൃശ്യാനുഭവവുമായി എത്തുകയാണ് 'കറക്കം'. മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമെന്ന പ്രത്യേകതയുമായാണ് ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

എൺപതുകളിലെ റെട്രോ ആത്മാക്കൾ പുതിയ തലമുറയിലെ യുവാക്കളെ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മൈക്കൽ ജാക്സൺ തരംഗം സൃഷ്ടിച്ച എൺപതുകളിലെ സംഗീതവും ഡിസ്കോയും പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്. അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും ഇന്നത്തെ കാലത്തെ യുവാക്കളും തമ്മിലുള്ള കൂടിക്കാഴ്ച പ്രേക്ഷകർക്ക് കൗതുകകരമായ അനുഭവമായിരിക്കും.

ചിത്രത്തിന് യു എ 13+ സെർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിക്ക് പുറമെ ഫെമിന ജോർജ്ജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ. എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിൻ്റെയും ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വർണ്ണാഭമായ ഫ്രെയിമുകളും ത്രസിപ്പിക്കുന്ന സംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്. പുറത്തിറങ്ങിയ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകരിൽ വലിയ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്.

Photo and News Source: Asianet News