ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭ അധികാരമേൽക്കാത്ത സാഹചര്യത്തിൽ, വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. മറ്റന്നാൾ ഉച്ചയ്ക്ക് ശേഷമായിരിക്കും ഫലപ്രഖ്യാപനം നടക്കുക.

പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലപ്രഖ്യാപനത്തിനുള്ള അന്തിമ തീരുമാനമെടുക്കുകയും ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിക്കുകയും ചെയ്തു. ഫലം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും പ്രവേശന നടപടികളെയും ബാധിക്കുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിൽ, അധ്യാപക സംഘടനകളുടെ കൂടി ആവശ്യപ്രകാരമാണ് നടപടികൾ വേഗത്തിലാക്കിയത്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്.

സംസ്ഥാനത്ത് ആകെ 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിനുപുറമെ ഗൾഫ് മേഖലയിൽ നിന്ന് 633 പേരും ലക്ഷദ്വീപിൽ നിന്ന് 386 പേരും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം www.results.kite.kerala.gov.in എന്ന പോർട്ടലിലൂടെയും 'Saphalam KITE' എന്ന മൊബൈൽ ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്.

വിദ്യാർത്ഥികൾക്ക് വ്യക്തിഗത ഫലങ്ങൾക്ക് പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല തലങ്ങളിലുള്ള വിശകലനങ്ങളും ഈ പോർട്ടലിൽ ലഭ്യമാകും. കൂടാതെ, ഫലങ്ങൾ ചിത്രമായോ പിഡിഎഫ് രൂപത്തിലോ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'Saphalam KITE' ആപ്പ് ഡൗൺലോഡ് ചെയ്ത് അപ്‌ഡേറ്റഡ് വിവരങ്ങൾ അറിയാൻ സാധിക്കും.

Photo and News Source: Samakalika Malayalam